SOLARIS

ലോകത്തിലെ എക്കാലത്തേയും ഏറ്റവും മികച്ച സയൻസ് ഫിക്ഷൻ ചലച്ചിത്രം ഏത് എന്നതിന് മിക്കവരുടെയും ഉത്തരം കുബ്രിക്കിന്റെ 2001 ആണ്. പക്ഷെ ഇതേ ചോദ്യത്തിന് തർക്കോവ്സ്കിയുടെ സൊളാരിസ് എന്നാണ് നിങ്ങൾ
ഉത്തരം നല്കുന്നതെങ്കിൽ അത് ഒരിക്കലും തെറ്റാവില്ല.

പോളീഷ് എഴുത്തുകാരൻ  Stanisław Lem ന്റെ അതേ പേരിലുള്ള 1961 ലെ നോവലിനെ ആസ്പദമാക്കി തർക്കോവ്സ്കി രചിച്ച ഈ ഒറ്റപ്പെട്ട ഇതിഹാസം 2001 നുള്ള സോവിയറ്റ് മറുപടിയായി കാണുന്നവരേറയാണ്. പക്ഷെ ഒരു താരതമ്യത്തിനു മുതിർന്നാൽ വൈവിധ്യങ്ങളാണ് കൂടുതൽ. 2001,  ശാസ്ത്രപുരോഗതിയും മനുഷ്യനിൽ അതിന്റെ ഭാവിയും ക്രാന്തദര്ശിത്വത്തോടെ അതിന്റെ പൂർണതയിൽ അവതരിപ്പിക്കാൻ ശ്രമിച്ചപ്പോൾ സോളാറിസ് മനുഷ്യനിലേക്കു ആഴത്തിൽ നോക്കുകയാണ് ചെയ്തത്. സത്യത്തിൽ സൊളാരിസ് ഒരു anti-2001 ആയിരുന്നു എന്നു പറയേണ്ടി വരും.

വർഷങ്ങൾക്കു മുൻപ് ശാസ്ത്രജ്ഞർ കണ്ടെത്തിയ അസാധാരണ ഗ്രഹമാണ് സൊളാരിസ്. അതിനെക്കുറിച്ചുള്ള പഠനങ്ങൾ എങ്ങുമെത്താതെ അവസരത്തിൽ പുതിയതെന്തെങ്കിലും കണ്ടെത്താൻ സൊളാരിസ് സ്പേസ് സ്റ്റേഷനിൽ എത്തിയതാണ് സൈക്കോളജിസ്റ്റായ കെൽ‌വിൻ. മൂന്ന് പേർ മാത്രമായിരുന്നു അതിലെ താമസക്കാർ. അതിലൊരാൾ ആത്മഹത്യ ചെയ്തതായും ബാക്കിയുള്ളവർ അസാധാരണ മാനസികവിഭ്രാന്തികൾക്കടിമപ്പെട്ടിരിക്കുന്നുവെന്നുമാണ് കെൽ‌വിൻ മനസ്സിലാക്കുന്നത്. ഇതിനുപിന്നിലുള്ള നിഗൂഢത മനസ്സിലാക്കാനാവാതെ കുഴങ്ങുമ്പോഴാണ് കെൽവിന്റെ മരിച്ചുപോയ ഭാര്യ ഹാരി അയാളുടെ മുന്നിലേക്കെത്തിയത്.

ഒരാളുടെ ചിന്തകളിലും, ഓർമകളിലും, ബോധത്തിലും നിറഞ്ഞുനിൽക്കുന്നതിന് ഭൗതിക അസ്തിത്വം നൽകാൻ സോളറിസിനുള്ള ശേഷിയെക്കുറിച്ചു കെൽ‌വിൻ മനസിലാക്കുന്നു. ഹാരി അങ്ങനെ പ്രത്യക്ഷപ്പെട്ടതാണ്. ഇവിടെ സിനിമ ഉന്നയിക്കുന്ന പ്രധാന ചോദ്യങ്ങൾ ഇതാണ്:- ഒരു വ്യക്തിയുടെ യഥാർത്ഥ അസ്തിത്വത്തിനു ഹേതുവാകുന്നതെന്താണ്? കേവലം ഭൗതികരൂപം മാത്രമാണോ അത്? ഓര്മയിലുള്ള ഒന്നിന് അതു സാധ്യമാകില്ല എന്നാണോ? നാം ഒരാളെ സ്നേഹിക്കുമ്പോൾ അയാളുടെ ജടമായ രൂപത്തെയാണോ നാം സ്നേഹിക്കുന്നത്? അതോ നമ്മുടെ ബോധത്തിലുള്ള അയാളുടെ രൂപത്തെയോ? വികാരഭ്രമകല്പനകൾക്കടിപ്പെടുന്ന ബോധത്തെ എങ്ങനെയാണ് വിശ്വസിക്കാനാവുക? അപ്പോൾ ഇന്ദ്രിയഗോചരമായ യാഥാർഥ്യം മാത്രമാണോ വിശ്വാസയോഗ്യമായത്?

 എളുപ്പം ഉത്തരം കിട്ടുന്ന ചോദ്യങ്ങളൊന്നുമല്ല തർക്കോവ്സ്കി ചോദിക്കുന്നത്. തന്റെ ഓർമയിൽ നിറഞ്ഞുനിന്നിരുന്ന ഹാരിയുടെ രൂപം അതിന്റെ എല്ലാ പൂർവകാലതീവ്രതയോടെയും തിരികെയെത്തിയപ്പോൾ അതു താങ്ങാവുന്നതിലും അതികമായിരുന്നു കെൽ‌വിന്. ആത്മഹത്യ ചെയ്തവളായിരുന്നു ഹാരി. പിന്നീടുണ്ടാകുന്ന നാടകീയ സന്ദർഭങ്ങൾ വിഭ്രാന്തിയുടെ വക്കിലേക്കാണ് അയാളെ എത്തിച്ചത്. യാഥാർഥ്യത്തെ തിരയാതെ തന്നെ അവളുടെ ഈ രൂപത്തെ സ്നേഹിക്കാനും പുണരാനും അയാൾക്ക്‌ കഴിയുന്നുണ്ട്. വിട്ടുപോയ, അകന്നുപോയ നമ്മുടെ പ്രിയപ്പെട്ടവർ ഇതേപോലെ ഒരു ദിവസം തിരിച്ചുവന്നാൽ നമുക്കും അതു സാധ്യമാകുമോ?

ആലസ്യത്തിൽ നിന്നും നിദ്രയിലേക്കാഴ്ന്ന കെൽ‌വിൻ സ്വപ്നത്തിൽ തന്റെ അമ്മയുടെ മടിയിൽ ഉണരുന്നു. സ്വപ്നത്തിൽ  ചെറുപ്പമായി  കാണപ്പെട്ട അവളുടെ കരുതൽ തന്റെ മുറിവുകൾ ഉണക്കിയതായി അയാൾക്ക് മനസ്സിലാകുന്നു. ഉറക്കത്തിൽ നിന്നും ഉണർന്നപ്പോൾ ഹാരി പോയിമറഞ്ഞിരുന്നു.

എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിലൊന്നാണ് ഇത്. തർക്കോവ്സ്കി ഹൃദയത്തിൽ പ്രതിഷ്ഠിച്ച പ്രിയ സംവിധായകരിൽ ഒരാളും. വല്ലാത്ത ഒരുതരം ഹിപ്നോട്ടിക് ഫീൽ തരുന്ന സിനിമ. വാക്കുകൾ കൊണ്ട് വിവരിക്കാൻ പറ്റാവുന്നതിലും ഒരുപാട് അകലത്തിൽ നിൽക്കുന്ന കലാസൃഷ്ടി. ഈ സിനിമയുടെ ആഖ്യാനശൈലി, ദൃശ്യങ്ങൾ, അഭിനയം, ചിന്തിപ്പിക്കുന്ന ഉള്ളടക്കം, നിഗൂഢത, ഫിലോസഫി.... എല്ലാം പ്രിയങ്കരം.

ദൃശ്യങ്ങളുടെ മനോഹാരിതയാലും തീവ്രതയാലും ശ്രദ്ധേയമാണ് സോളാറിസ്. തുടക്കത്തിലെ ഓപ്പണിങ് സീക്വൻസ്‌ ഒക്കെ അസാധ്യം. സോളാരിസിലേക്കു പുറപ്പെടുന്നതിനു മുൻപ് താൻ ബാല്യകാലം കഴിച്ച വീട്ടിനുമുന്പിൽ തടാകത്തോട് ചേർന്നു നിൽക്കുന്ന കെൽ‌വിൻ. ഭൂമിയിലെ തന്റെ അവസാന ദിവസത്തിൽ അയാളുടെ ഓർമകളുടെ പ്രതിഫലനം എത്ര മനോഹരമായാണ് ഓരോ ഷോട്ടിലും സംവിധായകൻ അവതരിപ്പിക്കുന്നത്. വെള്ളത്തിലൂടെ ഒഴുകിനീങ്ങുന്ന ഇല, ഇളകിയാടുന്ന പായൽ, ഓളം വെട്ടുന്ന തടാകജലം, പുൽപ്പടർപ്പ്, ഓടിപ്പോകുന്ന കുതിര. ഘനീഭവിച്ച ഓർമകളെ, കെൽവിന്റെ മാനസികദുഃഖത്തെ കാണിക്കാൻ അന്തരീക്ഷമാകെ പുകമഞ്ഞു,  തടാകത്തിൽ വീടിന്റെ തലകുത്തനെയുള്ള പ്രതിബിംബം. തന്റെ ഭൂതകാലത്തിന്റെ, ഗൃഹാതുരത്വത്തിന്റെ ഓർമകൾക്ക് ഭൗതിക രൂപം നൽകി കെൽവിനെ അയാളുടെ ഏകാന്തതയിൽ അവതരിപ്പിക്കാൻ എത്ര അനായാസം തർകോവസ്ക്കിക്ക് കഴിഞ്ഞു. കെൽ‌വിൻ തന്റെ പിതാവിനെ കാണുന്ന അവസരത്തിൽ അവർ തമ്മിലുള്ള അകൽച്ചയും ദൃശ്യത്തിലൂടെ വ്യക്തമാക്കുന്നു പിന്നീട്.

മനോഹരമായ ഈ ഓപ്പണിങ് സീക്വൻസിന്റെ തുടർച്ചയെന്നോണമാണ് ചിത്രത്തിന്റെ അന്ത്യരംഗം. സിനിമ എങ്ങനെ തുടങ്ങണമെന്നും അവസാനിപ്പിക്കണമെന്നും തർകോവ്സ്കിക്കു നന്നായിട്ടറിയാം എന്നതിനുദാഹരണമാണ് മനോഹരമായ സിനിമയുടെ ക്ലൈമാക്സ്. കെൽ‌വിൻ തന്റെ അച്ഛനെ സന്ദര്ശിക്കുനിടത്താണ് സിനിമ തീരുന്നത്. പക്ഷെ കാര്യങ്ങൾ എല്ലാം ശരിയായരീതിയിലാണോ എന്നുറപ്പിക്കാൻ ഇനിയും പറ്റുന്നില്ല. അച്ഛന്റെ വീടിനകത്താണ് മഴ പെയ്യുന്നത്. ദുഃഖാർത്തനായി പിതാവിനെ ആശ്ലേഷിക്കുന്ന കെൽവിനിൽ നിന്നു പതിയെ പാൻ ഔട്ട് ചെയ്യുന്ന ക്യാമറ കാണിക്കുന്നത് അയാൾ നിൽക്കുന്ന പ്രദേശവും വീടുമെല്ലാം സോളാരിസിന്റെ ദ്വീപുകളിൽ ഒന്നായിട്ടാണ്. കെൽ‌വിൻ സൊളാരിസ് വിട്ടു ഇനിയും പുറത്തുവന്നിട്ടില്ലേ? അതോ തുടക്കം മുതൽ തന്നെ എല്ലാം സോളാരിസിന്റെ  ഭാഗമായിരുന്നോ? കെൽവിന്റെ ഓർമകളിലെ വ്യക്തികൾക്ക് മാത്രമല്ല, അയാൾക്കും രൂപം  നൽകാൻ സോളാറിസിനായോ? അതോ അയാളുടെ ഭ്രമകല്പനകൾ ഇനിയും അവസാനിച്ചില്ലേ? ഒന്നും വ്യക്തമാക്കാതെ, നമ്മുടെ ചിന്തകൾക്ക് പഴുതുകൾ തുറന്നുകൊണ്ട് സിനിമ അവസാനിക്കുന്നു.

ഹോളിവുഡ് സയൻസ് ഫിക്ഷൻ സിനിമകളുടെയും ആഖ്യാനശൈലിയുടെയും തിരസ്കാരമായിരുന്നു ഈ സിനിമ. ഹോളിവുഡിന്റെ വമ്പൻ സെറ്റും, CGI യും, താരമൂല്യവും ഒന്നുമില്ലാതെ എങ്ങനെ മികച്ച ഒരു സ്പേസ് സയൻസ് ഫിക്ഷൻ എടുക്കാം എന്നു അദ്ദേഹം കാണിച്ചുതന്നു. മനുഷ്യമനസ്സിന്റെ ആഴത്തിലുള്ള അപഗ്രഥനത്തിലൂടെ, അതിന്റെ തീവ്രമായ ആഖ്യാനത്തിലൂടെ തർക്കോവ്സ്കിക്ക് അത് സാധിച്ചു. ഈ സിനിമയിലെ സ്പേസ് സ്റ്റേഷനും, സോളാരിസിനെ അവതരിപ്പിക്കുന്ന സ്‌പെഷ്യൽ ഇഫക്ടുകളും ഒക്കെ ഒട്ടും പ്രൊഫഷണൽ ആക്കാതെ ആകുലപ്പെടുന്ന മനുഷ്യന്റെ പരിസ്ഥിതിയായി രൂപപ്പെടുത്തിയാണ് ഹോളിവുഡിന്റെ ഉപരിപ്ലവതയെ അദ്ദേഹം തുറന്നുകാണിച്ചത്. ഇതേ ശൈലി അദ്ദേഹത്തിന്റെ മറ്റൊരു ചലച്ചിത്രമായ Stalker ലും തുടരുന്നുണ്ട്.

പെട്ടെന്ന് കഥ പറഞ്ഞുപോകുന്ന ആഖ്യാനശൈലിയല്ല തർക്കോവ്സ്കിയുടേത്. സമയം എടുത്ത് ലോങ് ടേക്കുകൾ ഒക്കെ ധാരാളമായി ഉപയോഗിച്ചു പ്രേക്ഷകനെ ചിന്തയിൽ ആഴ്ത്തുന്ന രീതിയാണ് അത്. അതുകൊണ്ടു തന്നെ പൊതുവെ ദൈർഘ്യം കൂടിയ അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങൾ പ്രേക്ഷകന്റെ സജീവ സാന്നിധ്യം ആവശ്യപ്പെടുന്നുണ്ട്. 2 മണിക്കൂർ 47 മിനിട്ട് ഉള്ള സൊളാരിസ് കണ്ടുതീർക്കാൻ പലർക്കും  നല്ല ക്ഷമ ആവശ്യമായി വന്നേക്കാം. പക്ഷെ സിനിമാഭ്രാന്തുള്ളവർക്ക് ഒരിക്കലും ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് ഇന്നും ഏറ്റവും മികച്ച ശാസ്ത്രകല്പിത ചിത്രങ്ങളിൽ ഒന്നായി അംഗീകരിക്കപ്പെട്ടിട്ടുള്ള സൊളാരിസ്.

Note:- ഇതേ പേരിൽ Soderberg സംവിധാനം ചെയ്ത George Clooney അഭിനയിച്ച അമേരിക്കൻ വേർഷൻ 2002 ൽ  വന്നിട്ടുണ്ട്.

Comments

Popular posts from this blog

THE TURIN HORSE (2011), HUNGARIAN

Salò, or the 120 Days of Sodom

THE SEVENTH SEAL