Salò, or the 120 Days of Sodom

ഫാഷിസം എന്നത് എത്രത്തോളം മനുഷ്യത്വവിരുദ്ധമാണെന്നു വളരെ വിശദമായി ചിത്രീകരിക്കുന്ന സിനിമയാണ് ഇറ്റാലിയൻ മാസ്റ്റർ ആയ Pier Paolo Pasolini യുടെ Salò, or the 120 Days of Sodom. (Italy) (1975). ലോകസിനിമാചരിത്രത്തിലെ തന്നെ ഏറ്റവും വിവാദാന്മകമായ ഈ ചലച്ചിത്രം Sade ന്‍റെ  The 120 Days of Sodom എന്ന കുപ്രസിദ്ധ ബുക്കിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

രണ്ടാം ലോകമഹായുദ്ധകാലം. മുസ്സോളിനിയുടെ പതനത്തിനുശേഷമുള്ള സലോ റിപ്പബ്ലിക്ക് ഇറ്റലി. ഡ്യൂക്ക്, ബിഷപ്പ്, മജിസ്‌ട്രേറ്റ്, പ്രസിഡന്റ് എന്നീ പേരുകളുള്ള നാല് ഫാഷിസ്റ്റുകളും അവർ ഏർപ്പാടുചെയ്യുന്ന കൂട്ടാളികളും ചേർന്ന്  18 യുവതീയുവാക്കളെ തട്ടിക്കൊണ്ടുവന്നു 120 ദിവസത്തെ ശാരീരികവും മാനസികവും ലൈംഗികവുമായ ക്രൂരതകൾക്ക് വിധേയമാക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.

മനുഷ്യന്റെ എല്ലാത്തരത്തിലുമുള്ള സ്വാതന്ത്ര്യത്തെയും നിഷേധിച്ചുകൊണ്ടുള്ള തികച്ചും മനുഷ്യത്തവിരുദ്ധമായ തീവ്രദേശീയവാദമായ ഫാഷിസത്തിന്റെ തീവ്രതയെ നമ്മുടെ ബോധത്തിൽ മാത്രമല്ല, സകല നാഡീഞരമ്പുകളിലും അനുഭവവേദ്യമാക്കുന്ന അപൂർവ ചലച്ചിത്രാഖ്യാനമായി സാലോ ചരിത്രത്തിൽ സ്ഥാനം പിടിക്കുന്നു.

ലോകത്തിലെ ഏറ്റവും ക്രൂരനായ ജീവി മനുഷ്യനാകുന്നു. കാരണം മറ്റൊരു ജീവിക്കും കലാപരമായി ഇത്ര ക്രൂരത കാണിക്കാൻ പറ്റില്ല. ഇത്‌ അന്വർത്ഥവമാക്കുന്നതാണ് സാലോയിലെ ഫാഷിസ്റ്റുകൾ. സിനിമയുടെ ചരിത്രത്തിൽ ഇത്രയും വെറുക്കപ്പെട്ട കഥാപാത്രങ്ങൾ ഉണ്ടോ എന്നത്  സംശയമാണ്. മനുഷ്യഭാവനയുടെ അതിർവരമ്പുകൾ ലംഘിക്കുന്ന ഫാഷിസ്റ്റുകളുടെ പ്രാകൃതവും, വൈകൃതവുമായ ലൈംഗികചോദനകളെ തൃപ്തിപ്പെടുത്താൻ വിധിക്കപ്പെട്ടവരാണ് ഇതിലെ ഇരകൾ. ഒറ്റയടിക്ക് മരിക്കുക എന്നത് മാത്രമാണ് അവർക്കു ആഗ്രഹിക്കാനുള്ള ഏക ഭാഗ്യം. പക്ഷേ ഒരിക്കലും അതല്ലല്ലോ ഫാഷിസത്തിന്റെ രീതി. "നിന്നെയൊക്കെ അത്ര എളുപ്പത്തിൽ അവസാനിപ്പിക്കുമെന്ന് കരുതിയോ? ഇല്ല, നിന്നെയൊക്കെ ഒരു ആയിരം തവണ കൊല്ലണം...." എന്നാണ് അവരിൽ ഒരുത്തൻ അലറിവിളിക്കുന്നത്. അമ്മയെ കൊന്നവനാണ് താനെന്നു മറ്റൊരുത്തന്റെ വീമ്പിളക്കൽ. "നമ്മൾ ഫാഷിസ്റ്റുകളാണ് യഥാർത്ഥ അരാജകത്വവാദികൾ. അധികാരം കയ്യാളുന്ന നിമിഷമാണ് നാം അധിപന്മാരാകുന്നത്. അധികാരമാണ് യഥാർത്ഥ അരാജകത്വവാദം", അവൻ പറയുന്നു. ഫാഷിസത്തിന്റെ എക്കാലത്തെയും മതമാണിതൊക്കെ.

ലൈംഗികതയിലെ, മനുഷ്യനെ മനുഷ്യനാക്കുന്നതിലെ സ്വാഭാവികമായ എല്ലാത്തിനെയും വിലക്കിക്കൊണ്ട് ഫാഷിസ്റ്റുകൾ നിറഞ്ഞാടുകയാണ് സിനിമ മുഴുവനും. തങ്ങളുടെ താല്പര്യങ്ങൾ ലംഘിക്കുന്നവരെ ലേബൽ ചെയ്ത് അതിക്രൂരമായി അവസാനം കൊല്ലുകയും അതെല്ലാം മുറിയിലിരുന്ന് ബൈനോക്കുലറിലൂടെ മാറി മാറി കണ്ടു സായൂജ്യമടയുകയും ആനന്ദനൃത്തമാടുകയും ചെയ്യുന്ന ഫാഷിസ്റ്റുകൾ ആണ് സിനിമയുടെ അന്ത്യരംഗങ്ങളിൽ.

സിനിമാസംവിധായകൻ, കവി, നിരൂപകൻ, നോവലിസ്റ്റ്, ബുദ്ധിജീവി, പത്രപ്രവർത്തകൻ, സവർഗാനുരാഗി, കമ്മ്യൂണിസ്റ്റ്. അത്യന്തം കലുഷമായിരുന്നു പസോളിനിയുടെ ജീവിതം. വിവാദങ്ങൾ എന്നും അദ്ദേഹത്തെ വിടാതെ പിന്തുടർന്നപ്പോളും സിനിമയ്ക്ക് നൽകിയ മഹത്തായ സംഭാവനകൾ ലോകോത്തര സംവിധായകരുടെ കൂടെ അദ്ദേഹത്തെ എണ്ണുന്നു. സാലോ അദ്ദേഹത്തിന്റെ അവസാനത്തെ സിനിമയാണ്. സാലോയുടെ നിർമ്മാണത്തിനുശേഷം ദുരൂഹമായ സാഹചര്യത്തിൽ അതിക്രൂരമായി പസോളിനി കൊല്ലപ്പെടുകയാണുണ്ടായത്. അദ്ദേഹത്തിന്റെ മരണത്തിൽ ഈ സിനിമയ്ക്കുള്ള പങ്ക് ഇന്നും വിവാദവിഷയമായി തുടരുന്നു. പ്രായപൂർത്തിയായവരെ മോശമായി ചിത്രീകരിച്ചതിന്റെ പേരിൽ നിർമ്മാതാവിനെ കോടതി കയറ്റിയ സാലോ ഇന്നേവരെ ലോകത്തു പലയിടങ്ങളിലും നിരോധിച്ചിരിക്കുകയാണ്. മാർട്ടിൻ സ്കോർസെസെയെപ്പോലുള്ള പ്രശസ്തർ സിനിമയുടെ കലാമൂല്യം ഉയർത്തിപ്പിടിച്ചുകൊണ്ടു രംഗത്തുവന്നിട്ടുണ്ട്.

ഫാഷിസം എന്ന വാക്ക് അതിന്റെ പകുതിപോലും ഭീകരതയിൽ നമ്മെ സ്പർശിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം. പക്ഷേ ഈ സിനിമ കണ്ടുകഴിഞ്ഞാൽ അതായിരിക്കില്ല അവസ്ഥ. അതൊരു ഒഴിയാബാധപോലെ നമ്മെ അസ്വസ്ഥമാക്കുമെന്നുറപ്പ്. സിനിമയിൽ ഒരിടത്തു വേലക്കാരിയുടെ കൂടെ സ്വാഭാവികമായി ശയിച്ചത്തിനു ഒരു സഹായിയെ വെടിവെച്ചു കൊല്ലുന്നുണ്ട്. മരിക്കുന്നതിന് മുൻപ് കമ്മ്യൂണിസ്റ്റ് വിപ്ലവങ്ങളെ ഓർമ്മിപ്പിക്കുമാറ് കൈകൾ വായുവിൽ ഉയർത്തിപ്പിടിക്കുന്നുണ്ട് അവൻ. ഈ ദൃശ്യത്തിലൂടെ തന്റെ കമ്മ്യൂണിസ്റ്റ് അനുഭാവം പ്രകടിപ്പിക്കുക മാത്രമല്ല പസോളിനി, ഫാഷിസത്തെ എതിർക്കാൻ എന്ത് വില കൊടുത്തും നമ്മൾ മുന്നിലുണ്ടാവണമെന്നു ആഹ്വാനം ചെയ്യുകയാണ് അദ്ദേഹം.

എങ്ങേനെയാണ് സാലോ കാണേണ്ടത്, ആർക്കൊക്കെ സാലോ കാണാം എന്നതിനെപ്പറ്റിയൊന്നും ഉറപ്പില്ല. പല സീനുകളിലും മനംപിരട്ടലുണ്ടാകുകയും സിനിമ ഇടയ്ക്കുവെച്ചു നിർത്തി മനോനില വീണ്ടെടുക്കുകയും വേണ്ടിവന്നേക്കും. ഫാഷിസം പോയി ജനാധിപത്യം വന്നു എന്നാണു പറച്ചിലെങ്കിലും നമ്മുടെ തന്നെ ഇന്നത്തെ സാമൂഹികസാഹചര്യങ്ങളിലും ലോകത്തിന്റെ പല കോണുകളിലും നടക്കുന്നതിനെയും കൂട്ടിവെച്ചു സാലോ ഒന്ന് കാണേണ്ടിയും വായിക്കേണ്ടിയും വരും. കാരണം നമുക്ക് വന്ന വഴി അറിയാവുന്നതുകൊണ്ട് തിരിച്ചുപോക്കുകൾ ഭയക്കേണ്ടിയിരിക്കുന്നു.

സാലോ ഒരു കലാപമാണ്. "A fearsome work of art" എന്നാണു അതിനെ വിശേഷിപ്പിക്കേണ്ടത്. ഒരു നിരൂപകന്റെ വാക്കുകൾ കടമെടുത്തു പറഞ്ഞാൽ, "ഫാഷിസത്തെക്കുറിച്ചു ഇതിലും തീവ്രമായി ഒരു സിനിമ എടുക്കണമെങ്കിൽ ഇതിന്റെ ഒറിജിനലും എല്ലാ കോപ്പികളും ഒരിക്കലും തിരിച്ചുകിട്ടാനാവാത്തവിധം നശിപ്പിക്കുകയും ഈ സിനിമ കണ്ടവരെയെല്ലാം തിരഞ്ഞുപിടിച്ചു കഴുത്തറുത്തു കൊല്ലുകയും വേണം എന്ന് രേഖപ്പെടുത്തേണ്ട അത്രയും തീവ്രമാണ് സാലോ.

Comments

Popular posts from this blog

THE TURIN HORSE (2011), HUNGARIAN

THE SEVENTH SEAL