THE SEVENTH SEAL

പ്രിയങ്കരരായ സംവിധായകർ ഒരുപാട് ഉണ്ടെങ്കിലും എന്‍റെ ഹൃദയത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്ന ചലച്ചിത്രകാരനാണ് ഇങ്മർ ബെർഗ്‌മാൻ. എന്നും ഒരു ഒഴിയാബാധപോലെ അലട്ടുന്ന, ഒരിക്കലും പ്രകടിപ്പിക്കാൻ കഴിയാതെ മനസ്സിൽ വിങ്ങുന്ന വേദനകൾ വളരെ മനോഹരമായ കാവ്യഭാഷയിൽ അദ്ദേഹം അവതരിപ്പിച്ചത് കാണുമ്പോളൊക്കെ ഒട്ടേറെ ബഹുമാനത്തോടും അതിലേറെ ആദരവോടും കൂടി അതൊക്കെ ഹൃദയത്തിൽ എറ്റു വാങ്ങാൻ കഴിയുന്നു.
ലോക സിനിമയിൽ ബെർഗ്മാനെ അനിഷേധ്യനാക്കുന്ന സിനിമയാണ് "ദി സെവൻത് സീൽ" (1957) (Swedish). ക്‌ളാസ്സിക് എന്ന പദം അതിന്റെ എല്ലാ അർത്ഥത്തിലും പ്രയോഗിക്കാൻ കഴിയുന്ന ചുരുക്കം ചില സിനിമകളിൽ ഒന്നാണ് ഇത്‌. ലോകത്തു തന്നെ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ഈ സിനിമ മനുഷ്യന്റെ എല്ലാ വികാരവിചാരങ്ങളെയും ഏറ്റവും തീവ്രമായി അവതരിപ്പിക്കുന്ന ബെർഗ്മാൻ മാജിക് ആണ്.


ചലച്ചിത്രകാരൻ എന്നപോലെതന്നെ ഒന്നാന്തരം നാടകകൃത്തുകൂടിയായ ബെർഗ്മാന്റെ "വുഡ് പെയിന്റിംഗ്" എന്ന നാടകത്തെ അടിസ്ഥാനമാക്കി ബൈബിൾ ഇതിവൃത്തമായാണ് ഈ സിനിമ അദ്ദേഹം ഒരുക്കിയത്. കുരിശുയുദ്ധം കഴിഞ്ഞു തിരിച്ചെത്തുന്ന പടയാളിയായ അന്റോണിയോസ്‌ ബ്ലോക്ക് കടൽത്തീരത്തുവച്ചു മരണവുമായി കണ്ടുമുട്ടുന്നു. കറുത്ത മരണമായ പ്ലേഗിന്‍റെ പിടിയിലമർന്ന യൂറോപ്പിൽ തന്റെ വിശ്വാസനഷ്ടവും, ദൈവമുണ്ടോ എന്ന സംശയവും അലട്ടുന്ന ബ്ലോക്ക് മരണവുമായി ചതുരംഗക്കളിയിലേർപ്പെടുന്നു. പിന്നീടങ്ങോട്ടുള്ള യാത്രയിൽ ഇടയ്ക്കിടെ വരുന്ന മരണത്തോട് ഏറ്റുമുട്ടിയും, സ്വന്തം അസ്തിത്വം ചോദ്യം ചെയ്തും അംഗീകരിച്ചും മനുഷ്യന്റെ ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങൾക്കു ഉത്തരം തേടുന്നുണ്ട് ചലച്ചിത്രകാരൻ.
"വിശ്വാസം എന്നത് ഒരു പീഡയാണ്. ഇരുട്ടിൽ നിന്നും ഇല്ലാത്ത ഒരാൾ നമ്മുടെ നേർക്ക് സഹായഹസ്തങ്ങൾ നീട്ടും എന്ന പ്രതീക്ഷയാണത്." ബെർഗ്മാൻ പറയുന്നു. മതത്തിന്റെ ശക്തമായ വിലങ്ങുകളുള്ള കുടുംബത്തിൽ ഒരു പാതിരിയുടെ മകനായി ജനിച്ച ബെർഗ്മാന്‍റെ കുട്ടിക്കാലം ഒരു പീഡാനുഭവമാണെന്നുള്ളതിന്റെ വിവരണം തന്റെ ആത്മകഥയായ MAGIC LANTERN ൽ അദ്ദേഹം നൽകുന്നുണ്ട്. എട്ടാം വയസ്സിൽ വിശ്വാസം നഷ്ടപ്പെട്ട ബെർഗ്മാന്റെ ദൈവാന്വേഷണങ്ങൾ ആണ് അദ്ദേഹത്തിന്റെ കല. പക്ഷേ അതൊന്നും ഒരു നിരീശ്വരവാദിയുടേത് പോലുള്ളതല്ല. ക്രൂരനായ ദൈവവും, ദൈവത്തിന്റെ മൗനവും അദ്ദേഹത്തിന്റെ സിനിമയിലെ നിത്യപ്രതീകമാകുന്നു. അതിനാൽ ബെർഗ്‌മാന് സിനിമ ആശ്രയവും തീർത്ഥാടനവും ആകുന്നു. ദൈവം ഇല്ലാത്ത ഒരു ലോകം അന്റോണിയോസ്‌ ബ്ലോക്കിന്‍റെ ആത്മാവിനെ മുറിവേൽപ്പിക്കുമ്പോൾ തനിക്കു മുന്നിലേക്ക് സ്വയം വെളിപ്പെടുത്തി തന്നെ ആശ്വസിപ്പിക്കണമെന്നു ബ്ലോക്ക് പറയുന്നു. ഇവിടെ ബ്ലോക്കും ബെർഗ്മാനും നമ്മളും ഒരാളാണെന്ന സത്യമാണ് ഈ സിനിമയെ തീവ്രമാക്കുന്നതു. അതുകൊണ്ടുതന്നെ പൊള്ളുന്ന അനുഭവമാകുന്നു സെവൻത് സീൽ.

ലോകസിനിമയിലെ തന്നെ ഏറ്റവും പ്രശസ്തമായ ദൃശ്യങ്ങൾ സ്വന്തം പേരിലുള്ള ബെർഗ്മാന്റെ ഈ സിനിമയിൽ മരണം ഒരു കഥാപാത്രമായി വരുന്നത് ഏറെ പേര് കേട്ടതാണ്. മരണവുമായുള്ള ചതുരംഗം കളിയുടെ ദൃശ്യത്തിലൂടെ മനുഷ്യജീവിതത്തെ ഒരേസമയം ആഴത്തിലും അതേസമയം ലളിതമായും ചിത്രീകരിക്കുന്ന ബെർഗ്മാന്റെ പ്രതിഭ പകരംവെക്കാനില്ലാത്തതാണ്. തോൽക്കുമെന്നുറപ്പുള്ള മരണവുമായുള്ള ഈ ചതുരംഗംകളിയല്ലാതെ മറ്റെന്താണ് ജീവിതം? ഇത്തരത്തിലുള്ള പ്രതീകവൽക്കരണങ്ങൾ സിനിമയിൽ എന്നല്ല മറ്റെവിടെയെങ്കിലും ഉണ്ടോ എന്ന് സംശയമാണ്. പെയിന്റിംഗ് പോലുള്ള ആ ഒരൊറ്റ ഷോട്ടിലൂടെ തനിക്കു പറയാനുള്ള സിനിമയെ മുഴുവനും ഒതുക്കുന്ന ബെർഗ്മാന് കൂട്ടായി Gunnar Fischer എന്ന മാസ്റ്റർ ക്യാമറാമാനും ഉണ്ട്. പുരോഹിതന്റെ വേഷം കെട്ടിവരുന്ന മരണവുമായുള്ള കുമ്പസാരരംഗം, അവസാനത്തെ മരണവുമൊന്നിച്ചുള്ള അന്ത്യനൃത്തം, കറുപ്പിലും വെളുപ്പിലും ഉള്ള കഥാപാത്രങ്ങളുടെ വികാരങ്ങൾ നിറയുന്ന ക്ലോസപ്പ് ഷോട്ടുകൾ...... ഫിഷർ ഇല്ലാതെ സെവൻത് സീൽ പൂർണ്ണമേയല്ല. Gunnar Bjornstrand, Bengt Ekerot, Max Von Sydow, Bibi Anderson പോലുള്ള അഭിനയപ്രതിഭകളും സിനിമയെ അനശ്വരമാക്കുന്നു.

ഡോസ്റ്റോയെവ്സ്കിയെ വായിക്കുന്നത്പോലെയാണ് ബെർഗ്മാന്റെ സിനിമ കാണുന്നത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സിനിമയിലെ ഡോസ്റ്റോയെവ്സ്കി എന്ന് അദ്ദേഹത്തെ വിളിക്കാൻ ഞാൻ ഇഷ്ട്ടപെടുന്നു. കാരണം സാഹിത്യത്തിൽ ഡോസ്റ്റോയെവ്സ്കിയെപ്പോലെ ഒരു മഹാപർവതമായി സിനിമയിൽ ബെർഗ്മാൻ നിലകൊള്ളുന്നു. രണ്ടുപേരും ഒരേ വേദന അനുഭവിച്ചവർ. ബെർഗ്മാൻ സിനിമകൾ ഏതു കാലഘട്ടത്തിൽ ഇറക്കിയാലും പ്രസക്തി നഷ്ടപ്പെടാതെ അതെ പുതുമയോടെ നിലകൊള്ളും എന്ന് അമേരിക്കൻ മാസ്റ്റർ വൂഡി അലൻ.

ബെർഗ്മാൻ നമ്മെ വിട്ടുപിരിഞ്ഞെങ്കിലും സെവൻത് സീൽ കാലത്തെ അതിജീവിച്ചുകൊണ്ടു ഇന്നും നിർണ്ണായക സ്വാധീനമായി തലയുയർത്തി നിൽക്കുന്നു. അത് വീണ്ടും വീണ്ടും കാണപ്പെടുന്നു. കാരണം ആന്റോനിയസ് ബ്ലോക്കിന്റെ സംശയങ്ങൾ ഇനിയും മാറിയിട്ടില്ല, മരണം ചതുരംഗം കളി വീണ്ടും തുടർന്നുകൊണ്ടിരിക്കുന്നു, ഇതിനൊക്കെ ഇടയിൽ പ്രതീക്ഷയുടെ നാമ്പുമായി ജോഫും, മിയയും, കുഞ്ഞു മികയിലും ഒക്കെ ഉണ്ട്. അവരുടെ യാത്ര തുടരുന്നു. ഒട്ടേറെ ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചുകൊണ്ട് സെവൻത് സീൽ ഒരു തീവ്രമായ സിനിമ അനുഭവമായി തലമുറകളിലേക്ക് പടരുന്നു.....




Comments

Popular posts from this blog

THE TURIN HORSE (2011), HUNGARIAN

Salò, or the 120 Days of Sodom