THE TURIN HORSE (2011), HUNGARIAN


പ്രശസ്ത ഹംഗേറിയൻ ചലച്ചിത്രകാരൻ Béla Tarr ന്റെ Turin Horse തുടങ്ങുന്നത് Friedrich Nietzsche യ്ക്ക് 1889-ൽ ഇറ്റലിയിലെ ട്യൂറിനിൽ വച്ച് ഉണ്ടായതെന്ന് പറയപ്പെടുന്ന mental breakdown ന്റെ കഥ വിവരിച്ചുകൊണ്ടാണ്. ഒരു കുതിരയെ അതിക്രൂരമായി മർദ്ദിക്കുന്ന ദൃശ്യം ചരിത്രം ദർശിച്ച ഏറ്റവും ഗാംഭീര്യമുള്ള തത്വചിന്തകനെ അഗാധമായ മനോദുഃഖത്തിലേയ്ക്കും വിഭ്രാന്തിയിലേയ്ക്കും എത്തിച്ചപ്പോൾ ആർക്കും ഇന്നും അറിയില്ലാത്തത് മിണ്ടാപ്രാണിയായ ആ കുതിരയെക്കുറിച്ചാണ്.

സിനിമ ആരംഭിക്കുന്നത് തന്നെ ഒരു കുതിരയെ ഫോക്കസിലുള്ള നീണ്ട ട്രാക്കിംഗ് ഷോട്ടോടെയാണ്. ഈ കുതിരയും അതിന്റെ ഉടമകളായ അപരിഷ്‌കൃതരെന്നു തോന്നിക്കുന്ന കൃഷിക്കാരനായ വൃദ്ധനും മകളും അവരുടെ ആവർത്തനവിരസമായ ആറു ദിവസങ്ങളുമാണ് സിനിമ. സംഭവബഹുലമായതൊന്നും ഇവിടെ സംഭവിക്കുന്നില്ല. അതുതന്നെയാണ് സിനിമ പറയാൻ ശ്രമിക്കുന്നതും. ലോകാവസാനത്തിന്റേത് പോലുള്ള സെറ്റിങ്ങിൽ ആണ് കഥ പുരോഗമിക്കുന്നത്. തരിശു കൃഷിഭൂമിയെന്നു തോന്നിക്കുന്ന വിശാലമായ പ്രദേശത്ത് മണ്കട്ട കൊണ്ടുള്ള ചെറിയ വീട്, വീടിനോടു ചേർന്നുള്ള ധാന്യപ്പുര, കിണർ, നിരന്തരം ശക്തിയായി വീശിയടിക്കുന്ന കാറ്റ് ഇവയൊക്കെ പൂർണമായി കറുപ്പിലും വെളുപ്പിലും ചിത്രീകരിച്ച സിനിമയുടെ നിരാശാജനകമായ അന്തരീക്ഷത്തെ തുടക്കത്തിലേതന്നെ വ്യക്തമാക്കുന്നു.

Philosophical pessimism എന്ന ആശയമാണ് Tarr ന്റെ ഈ അവസാന സൃഷ്ടിയിലും പ്രകടമായി കാണാനാവുക. This film is about the "heaviness of human existence" എന്നാണ് അദ്ദേഹം ഈ സിനിമയെക്കുറിച്ച് പറയുന്നത്. വ്യക്തമായ അർത്ഥമോ, ഭാവിയോ പ്രധാനം ചെയ്യാത്ത ഒരു പ്രപഞ്ചത്തിൽ അത് സൃഷ്ടിക്കുന്ന ശൂന്യതയ്ക്കുള്ളിൽ വീർപ്പുമുട്ടി ജീവിക്കേണ്ടി വരുന്ന മനുഷ്യന്റെ അസ്തിത്വഭാരം/അസ്തിത്വദുഃഖം നോക്കിക്കാണുകയാണ് സംവിധായകൻ. അതുകൊണ്ടു തന്നെ മനുഷ്യജീവിതത്തിന്റെ ആർത്ഥമെന്ത്? എന്തിനുവേണ്ടിയാണ് നമ്മൾ നിലകൊള്ളേണ്ടത്? എന്താണ് നമുക്ക് തിരിച്ചു കിട്ടുന്നത്? തുടങ്ങിയ വളരെ പഴക്കമുള്ള ചോദ്യങ്ങളോ, അസ്ഥിത്വാന്വേഷണമോ ആകുന്നില്ല ഈ സിനിമ, ആ ചോദ്യങ്ങളുടെ പോലും പ്രസക്തി നഷ്ട്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. ആ രീതിയിൽ മടുത്തു തുടങ്ങിയിരിക്കുന്നു നമ്മൾ. കഥാപാത്രവികാസത്തിനോ അവരുടെ വൈകാരികതലങ്ങളുടെ അപഗ്രഥത്തിനോ മുതിരുന്നുമില്ല സിനിമ... മറിച്ച് ഏറ്റവും മടുപ്പിക്കുന്ന, നിരാശനാജനകമായ ഫ്രെമുകളിൽ അവരെ പ്രതിഷ്ഠിച്ചിരിക്കുന്നു, അവരുടെ പ്രവർത്തികൾക്ക്, അതിന്റെ ആവർത്തനത്തിന് മുൻതൂക്കം നൽകിയിരിക്കുന്നു. വസ്ത്രധാരണം, ഭക്ഷണം കഴിക്കൽ, കുതിരയ്‌ക്ക് തീറ്റ കൊടുക്കൽ, വെള്ളം കോരൽ ഇവയൊക്കെ അല്പം മാറ്റങ്ങളോടെ ഓരോ ദിവസവും ആവർത്തിക്കുന്നു. ഇത് നോക്കിക്കാണാൻ നമ്മെ പ്രേരിപ്പിക്കുന്നു. കാരണം ഈ ആവർത്തനമല്ലാതെ മറ്റെന്താണ് ജീവിതം?





ഓരോ ദിവസവുമുള്ള പ്രവർത്തികളുടെ ആവർത്തനം തരുന്ന മടുപ്പും നിരാശയും ആധുനിക മനുഷ്യനെ ഒരുതരം ശൂന്യതാബോധത്തിലേക്ക്, നിരർത്ഥകതയിലേയ്ക്ക് എത്തിക്കുന്നുണ്ട്. ജീവിതത്തിലെ ഇതേ പ്രവർത്തികളുടെ വ്യത്യസ്ത സാധ്യതകൾ കണ്ടെത്തുക വഴി പല ലോകങ്ങൾ സൃഷിട്ടിച്ച് ഭൂരിപക്ഷവും ഈ ചിന്തകൾ ഒഴിവാക്കാൻ ശ്രമിക്കുന്നു എന്നു മാത്രം. പക്ഷെ, ഇടയ്ക്കെല്ലാം ചിന്താബോധത്തിലേയ്ക്ക് വലിഞ്ഞു കയറുന്ന ഈ 'ഭാര'ത്തെ എങ്ങനെ മറികടക്കാനാണ്? അതേ, മടുത്തു തുടങ്ങിയിരിക്കുന്നു നമ്മൾ,
ബുദ്ധിജീവികളെക്കൊണ്ട്, രാഷ്ട്രീയക്കാരെക്കൊണ്ട്, മതങ്ങളെക്കൊണ്ട്, ദൈവങ്ങളെക്കൊണ്ട്, പ്രത്യയശാസ്ത്രങ്ങളെക്കൊണ്ട്, വിപ്ലവങ്ങളെക്കൊണ്ട്, റിപ്പോർട്ടുകളെക്കൊണ്ട്, കണക്കുകളെക്കൊണ്ട്, നിയമങ്ങളെക്കൊണ്ട്, വാഗ്ദാനങ്ങളെക്കൊണ്ട്, ബന്ധങ്ങളെക്കൊണ്ട്, ഭാവിയെക്കൊണ്ട്...

ജീവിതത്തിന്റെ നിരന്തരമായ ആവർത്തനത്തെ നീച്ചയുടെ പ്രശസ്‌തമായ പ്രത്യാഗമനനൈരന്തര്യം (eternal recurrence), കാമ്യുവിന്റെ സിസിഫസ് മിത്തിന്റെ പുനർവായനയായോ (The Myth of Sisyphus) ഒക്കെ സിനിമയിൽ കണ്ടെത്താം. പ്രശസ്ത ജർമ്മൻ ചിന്തകൻ Schopenhauer ടെ നിരീക്ഷണങ്ങൾ ദുരന്തസപര്യയായ ഈ ജീവിതത്തിന്റെ തത്വചിന്തയുടെ കാതലാണ്. മരണം ജീവിതത്തിനു കൊണ്ടുവരുന്ന അർത്ഥശൂന്യതയേക്കാൾ എത്രയോ വലുതാണ് നിത്യജീവിതത്തിലെ ആവർത്തനവിരസത എന്ന് ഈ സിനിമ കാട്ടിത്തരുന്നു. ശക്തമായി വീശിയടിക്കുന്ന കാറ്റും, തീവ്രമായി ഉയരുന്ന പശ്ചാത്തല സംഗീതവും ഇവിടെ ശ്രദ്ധേയമാണ്. ഇവ രണ്ടും നിരന്തരമായി നിഷ്കാസനം ചെയ്തുകൊണ്ട് മുന്നോട്ടുപോകുന്ന ഒരു ലോകത്തെ പ്രതിനിധാനം ചെയ്യുന്നു. ഇടയ്ക്ക് കയറിവരുന്ന ഒരു കഥാപാത്രത്തിന്റെ സംസാരത്തിനു നീച്ചയൻ ഫിലോസഫിയുടെ ചുവയുണ്ട്. ദൈവം മരിച്ചു (God Is Dead) എന്നുമാത്രമല്ല ദൈവങ്ങളും മനുഷ്യരും കൂടി ലോകത്തെ നശിപ്പിച്ചു എന്നും, വീശിയടിക്കുന്ന കാറ്റിനുപോലും നശീകരണഭാവമാണുള്ളത്‌ എന്നും നമുക്ക് ബോധ്യമാകുന്നു. അതിഭൗതികശക്തികൾക്ക് പോലും നമ്മോടു ഒരു മമതയും ഇല്ല മറിച്ച് പ്രതികാരമനോഭാവമാണ് എന്നു പറയുന്ന ചലച്ചിത്രം നീച്ചയുടെ anti ഫിലോസഫിയെ കൂട്ടുപിടിക്കുന്നു. വൃദ്ധന്റെ മകൾ വായിക്കുന്ന പുസ്തകം ഒരു anti-Bible ആണെന്നാണ് സംവിധായകൻ പിന്നീട് പറഞ്ഞിട്ടുള്ളത്. ലോകത്തിന്റെ ചാട്ടവാറടിയേറ്റുവാങ്ങുന്ന നീച്ചയുടെ കുതിര ഈ സിനിമയിലുണ്ട്. ഇതേ കുതിര ദോസ്റ്റോയെവ്സ്കിയുടെ "കുറ്റവും ശിക്ഷയിലും" മർദ്ദനമേറ്റുവാങ്ങുന്നുണ്ട്. ഇതേപോലുള്ള കുതിരകൾ ചരിത്രത്തിലുടനീളം പടയോട്ടങ്ങൾ നടത്തുന്നു.



പ്രതീക്ഷയുടെ ഒരു തരിമ്പുപോലും പ്രകടമാക്കാത്ത സിനിമ വർധിച്ചുവരുന്ന നിസ്സഹായത കൂടുതൽ വ്യക്തമാക്കുന്നുമുണ്ട്. വീടിനുള്ളിലിരുന്നു ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കുന്ന കഥാപാത്രങ്ങളുടെ ദൈർഘ്യമേറിയ ദൃശ്യങ്ങൾ അനേകം തവണ സംവിധായകൻ കാണിച്ചു തരുന്നുണ്ട്. പൊടിക്കാറ്റ് വീശുന്ന അവ്യക്തമായ പുറംകാഴ്ചയിലേയ്ക്ക് ഉറ്റുനോക്കിയിരിക്കുന്ന വൃദ്ധനും മകളും ഹൃദയഭേദകമായ കാഴ്ചയാണ്. വേവിച്ച ഉരുളക്കിഴങ്ങു പൊളിച്ചു തിന്നുന്ന ദൃശ്യങ്ങൾ, കിണറ്റുകരയിലേയ്ക്കുള്ള നടത്തം, തീറ്റ തിന്നാൻ വിസമ്മതിക്കുന്ന കുതിര ഒക്കെ മറ്റ് ഉദാഹരണങ്ങൾ. അന്ത്യത്തിലേയ്ക്കടുക്കുന്ന സിനിമ കൂടുതൽ ഇരുളുറ്റതാകുന്നു. കിണറ്റിലെ വെള്ളം വറ്റുന്നതോട് കൂടി വീടുപേക്ഷിച്ചു യാത്ര തിരിച്ച അവർക്ക് വീണ്ടും മടങ്ങിയെത്തേണ്ടി വരുന്നു. നിറഞ്ഞ അന്ധകാരത്തിൽ തെളിയിക്കാൻ ശ്രമിക്കുന്ന വിളക്കുകളും അണഞ്ഞു പോകുന്നു. അടുപ്പിലെ തീയും കെട്ടു. പിന്നീട് പരസ്പരം അഭിമുഖമായിരുന്നു വേവാത്ത ഉരുളക്കിഴങ്ങ് കഴിക്കാൻ വിസമ്മതിക്കുന്ന മകളും, അതുതന്നെ ചെയ്യുന്ന വൃദ്ധന്റെയും ഷോട്ടോടെയാണ് സിനിമ അവസാനിക്കുന്നത്. സിനിമയിലുടനീളമുള്ള ദുരന്താവസ്ഥ അതുപോലെ തന്നെ നിലനിർത്തിക്കൊണ്ട് സിനിമ അവസാനിക്കുമ്പോൾ കഥാപാത്രങ്ങൾ തങ്ങളുടെ വിധിയെ അംഗീകരിച്ചിരിക്കുന്നു എന്നുവേണം കരുതാൻ. ഇപ്പോൾ കാറ്റിന്റെ മൂളലും നിലച്ചിട്ടുണ്ട്. ജീവിതത്തിന്റെ അസംബന്ധസ്വഭാവത്തെ അംഗീകരിക്കുക, അതിന്റെ അസ്തിത്വത്തെ പുണരുക എന്നത് ഇവിടുത്തെ തത്വചിന്തയുടെ തുടർച്ചയാണ്. ഇരുളിലേയ്ക്കാണ്ട്‌ പോകുന്ന സിനിമ, തന്റെ അവസാന സിനിമ എന്ന നിലയിൽ Tarr എന്ന സംവിധായകന്റെ വിടപറച്ചിലും ആണ്. കലാകാരനും ഇവിടെ നിസ്സഹായനാണ് എന്ന് തുറന്നുപറയാൻ ധൈര്യം കാണിക്കുന്ന അദ്ദേഹം പ്രകടമാക്കുന്ന നൈരാശ്യം ഇത്ര പ്രശ്നവല്കൃതമായ ഒരു ലോകത്തിന്റെ അന്ത്യം മുൻകൂട്ടി കാണുന്ന ക്രാന്തദര്ശനവുമാകാം.

പ്രശസ്ത ഹംഗേറിയൻ എഴുത്തുകാരൻ László Krasznahorkai യും Tarrഉം തിരക്കഥ രചിച്ച ടൂറിൻ ഹോർസ് അദ്ദേഹവും പത്നി Ágnes Hranitzky മാണ് സംവിധാനം ചെയ്തിരിക്കുന്നത്.
രണ്ടരമണിക്കൂർ ദൈർഘ്യമുള്ള പൂണമായും ബ്ലാക്ക്‌ ആൻഡ് വൈറ്റിൽ ചിത്രീകരിച്ച സിനിമയുടെ ഛായാഗ്രഹണം ശ്രദ്ധേയമാണ്. തന്റെ സ്ഥിരം ക്യാമറാമാൻ Fred Kelemen കേവലം 30 നീണ്ട ടേക്കുകളാണ് ഈ സിനിമയിൽ ഉപയോഗിക്കുന്നത്. ഇടമുറിയാത്ത ചിത്രീകരണശൈലി Tarr സിനിമകളുടെ മൊത്തത്തിലുള്ള പ്രത്യേകതയാണ്. ഈ രീതിയിൽ ഉള്ള ഇന്റീരിയർ ഷോട്ടുകൾ പലതും തർക്കോവ്സ്കിയെ ഓർമിപ്പിച്ചു. ഇതുപോലുള്ള നിരാശഭാവം നിഴലിക്കുന്ന ബെർഗ്മാൻ, ബ്രസ്സൻ സിനിമകളും ഓർക്കാം. ലോകാന്ത്യത്തെ സമാനരീതിയിൽ നോക്കിക്കാണുന്ന Von Trier ടെ Melancholia യും ഈ കൂടെ കാണാവുന്ന സിനിമയാണ്. Tarr ന്റെ മറ്റു സിനിമകൾ ഏഴര മണിക്കൂർ ദൈർഘ്യമുള്ള Sátántangó (1994), Werckmeister Harmonies (2000) ഒക്കെ ക്ലാസ്സിക്കുകൾ ആണ്.

മനുഷ്യാവസ്ഥയുടെ, നീച്ചയുടെ കുതിരയുടെ, എല്ലാ കുതിരകളുടെയും, സമസ്‌തജന്തുജീവജാലങ്ങളുടെയും അസ്ഥിത്വാവസ്ഥയുടെ യാഥാർഥ്യത്തിലൂന്നിയ തത്വചിന്ത ധ്യാനിക്കാൻ ക്ഷണിക്കുകയാണ് The Turin Horse. എല്ലാവർക്കും കണ്ടിരിക്കാൻ പറ്റുന്ന ചിത്രമേയല്ല, ഒരു സാധാരണ പ്രേക്ഷകനെ ബോറടിപ്പിക്കാൻ വേണ്ടതൊക്കെ സിനിമയിലുണ്ട്. ഇവിടെ പ്രേക്ഷകരുടെ താല്പര്യം Tarrന് ഒരു വിഷയമാകുന്നില്ല കാരണം Tarr നറിയാം തന്റെ പ്രേക്ഷകർ ആരാണെന്ന്.

Comments

Popular posts from this blog

Salò, or the 120 Days of Sodom

THE SEVENTH SEAL